ഇടുക്കിയിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന് തുടക്കമായി; ജില്ലയിൽ ഒരാഴ്ച നീളുന്ന ബോധവൽക്കരണ പരിപാടികൾ

ഇടുക്കിയിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന് തുടക്കമായി; ജില്ലയിൽ ഒരാഴ്ച നീളുന്ന ബോധവൽക്കരണ പരിപാടികൾ

ഇടുക്കി: മനസ്സിനെ ചെറുപ്പവും പ്രസന്നവുമായി നിലനിർത്താൻ കഴിയുന്നത് ശാരീരിക ആരോഗ്യത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും മെച്ചപ്പെടുത്തുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

“മനസ്സ് എത്രത്തോളം ചെറുപ്പമാകുന്നുവോ അത്രത്തോളം ശരീരം നമ്മോട് സഹകരിക്കും” എന്ന സന്ദേശവും അവർ പങ്കുവച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിദ്യ കെ.ആർ. വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശരത്ത് ജി. റാവുവിന്റെ നേതൃത്വത്തിൽ ദിനാചരണത്തിന്റെ തീം പ്രകാശനം നിർവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ് ദിനാചരണ സന്ദേശം നൽകി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ. രഞ്ജിനി വി. സ്വാഗതം ആശംസിച്ചു.

Slide 1
Slide 2
Slide 3
Slide 4

അനുഭവങ്ങൾ കേൾക്കാം, തെറ്റിദ്ധാരണകൾ മാറ്റാം

“ജീവിതാനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റങ്ങൾ” എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ അനുഭവങ്ങൾ കേൾക്കുക, അവരുടെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുക, സമൂഹത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് പ്രമേയം പ്രാധാന്യം നൽകുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായി. മാനസികാരോഗ്യ ബോധവൽക്കരണ പോസ്റ്ററും പ്രദർശിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സൈക്യാട്രിസ്റ്റ് ഡോ. ബബിൻ ജെ. തുറക്കൽ ഔദ്യോഗിക സേവനാനുഭവങ്ങൾ പങ്കുവച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡിപിൻ ജോസഫിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ബോധവൽക്കരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഇടുക്കി മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. രാംകുമാർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മാനുവൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ., ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി വി.ആർ., വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആരോഗ്യകേരളം ജൂനിയർ കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ഒരാഴ്ച നീളുന്ന ബോധവൽക്കരണ ക്യാമ്പയിൻ

ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ഒരാഴ്ച നീളുന്ന മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ മാനസികാരോഗ്യ അവബോധം വർധിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ കുറയ്ക്കുക, ആവശ്യമായ സമയത്ത് സഹായം തേടാനുള്ള മനോഭാവം വളർത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. രഞ്ജിനി വി.യുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർ, ആർ.ബി.എസ്.കെ. നഴ്സുമാർ, അഡോളസന്റ് സ്കൂൾ കൗൺസിലർമാർ എന്നിവർക്കായി ഓൺലൈൻ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, എൻ.എച്ച്.എം. ജീവനക്കാർ, ജില്ലാ മാനസികാരോഗ്യ വിഭാഗം ജീവനക്കാർ, നഴ്സിങ് സ്കൂൾ വിദ്യാർത്ഥികൾ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പകൽവീട്ടിലെ അന്തേവാസികൾ, പൊതുജനങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.