സൈബർ സുരക്ഷാ ബോധവൽക്കരണം: ജില്ലാ തല വോളണ്ടിയർ പരിശീലനം നടത്തി
ഇടുക്കി: സൈബർ സേഫ് കേരളം പദ്ധതിയുടെ ഭാഗമായി സൈബർ സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി ജില്ലാ തല വോളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 12ന് പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടന്ന പരിപാടി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐപിഎസ് ഉദ്ഘാടനം ചെയ്തു.
സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ തടയൽ, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പൊതുജന ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സന്ദേശം നൽകി.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി സാം ജോസ് സ്വാഗതം ആശംസിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, പൈനാവ് ഡിവിഷൻ ബ്ലോക്ക് മെമ്പർ വിജി കണ്ണൻ, വാർഡ് മെമ്പർ അമ്മിണി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
സൈബർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, സബ് ഇൻസ്പെക്ടർ സാജു കുര്യൻ, സിവിൽ പോലീസ് ഓഫീസർമാരായ കിരൺ കുമാർ ടി.ആർ., പ്രത്യുഷ് എം. ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൊഫസർ അൽഫോൻസാ ജോണി നന്ദി പറഞ്ഞു.
വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, സൈബർ സുരക്ഷാ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.


