ചിന്നക്കനാൽ ആനത്താര ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകണമായിരുന്നു: സി.പി. മാത്യു
ഇടപെടൽ വൈകുന്നതിൽ ആശങ്ക; ജനദ്രോഹ നടപടികളുണ്ടായാൽ സമരമെന്ന് മുന്നറിയിപ്പ്
ഇടുക്കി: ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ തന്നെ നിർദേശം നൽകണമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. ഉത്തരവിറങ്ങി പിറ്റേന്ന് മുഖ്യമന്ത്രി ജില്ലയിൽ യോഗം ചേർന്നിട്ടും ഇക്കാര്യത്തിൽ ഇടപെടാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ ഉത്തരവ് ജില്ലയിലെ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജനദ്രോഹപരമായ നടപടികളുണ്ടായാൽ കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും സി.പി. മാത്യു മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 16ന് ഇഎസ്എ വിഷയത്തിൽ സിപിഎം പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചതിലൂടെ ജനങ്ങളെ കബളിപ്പിച്ചതിന് പാർട്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കഡസ്ട്രൽ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചുകഴിഞ്ഞതായി സി.പി. മാത്യു പറഞ്ഞു. 23 വില്ലേജുകളെ ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെന്നും കൃഷിഭൂമിയും സിഎച്ച്ആർ മേഖലയും ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ പാലിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.


