ചങ്ങനാശേരി കെഎസ്ആർടിസി ടെർമിനൽ ; ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും.
ചങ്ങനാശേരി: കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. മേൽക്കൂര ആകർഷകമാക്കുന്നതിനുള്ള ജോലികൾ നടന്നുവരികയാണ്. ആവശ്യമായ സാധനസാമഗ്രികൾ എത്തിച്ചതായും ഡിസംബർ പകുതിയോടെ ഡിപ്പോ തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്നും എംഎൽഎ വിനു ജോബ് അറിയിച്ചു. നിർമാണത്തിനായി 70 ലക്ഷം രൂപ കൂടി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിപ്പോയിലെ പാർക്കിങ് മൈതാനം നിരപ്പാക്കി 16,000 ചതുരശ്രയടി വിസ്തീർണത്തിൽ കോൺക്രീറ്റിങ് നടത്താനും പദ്ധതിയുണ്ട്. ഡിപ്പോയുടെ കവാടത്തിന് സമീപമുള്ള പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുനീക്കുന്നതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 31ന് വൈകിട്ട് അഞ്ചുവരെ ടെൻഡർ ഫോറം വാങ്ങാം. 5,000 രൂപയാണ് നിരതദ്രവ്യം. നവംബർ രണ്ടിന് ഉച്ചയ്ക്ക് 12 വരെ പൂരിപ്പിച്ച ടെൻഡറുകൾ സ്വീകരിക്കും. അന്നുതന്നെ ലേലവും മുദ്രവച്ച ടെൻഡറുകൾ തുറക്കലും നടക്കും.
മൂന്നാറിലേക്ക് പുതിയ ബസ് സർവീസ്
ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മൂന്നാറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നതിന് എംഎൽഎ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. ടെർമിനൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സർവീസ് ആരംഭിക്കാനാണ് ആലോചന. ചങ്ങനാശേരിയിൽനിന്ന് നേരത്തേ സർവീസ് നടത്തിയിരുന്ന അമൃത ആശുപത്രി ബസ് പുനരാരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.


