ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി; കരിങ്കുന്നത്ത് ജനകീയ പ്രതിഷേധം
കരിങ്കുന്നം: ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി ആരംഭിക്കുന്നതിന് അനുമതി നൽകുന്നതിനെതിരെ കരിങ്കുന്നത്ത് ജനകീയ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ള സ്രോതസുകളുടെ മലിനീകരണം, ജലചൂഷണം, വായു-മണ്ണ് മലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്ലൈവുഡ് ഫാക്ടറിയുടെ പ്രവർത്തനം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്നാണ് സമരസമിതിയുടെ ആരോപണം. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കാതെ ഫാക്ടറിക്ക് അനുമതി നൽകാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിൻമാറണമെന്നും ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസായങ്ങൾക്ക് അനുമതി നൽകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോൺ ധർണ ഉദ്ഘാടനം ചെയ്തു. ഫാക്ടറി പ്രവർത്തനം പ്രദേശത്തെ കുടിവെള്ള ലഭ്യതയെയും ഭൂഗർഭജലത്തെയും പരിസ്ഥിതിയെയും ബാധിക്കുമെന്ന ആശങ്കയും പ്രതിഷേധക്കാർ ഉന്നയിച്ചു.
മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജോബി, ശ്രീജിത്ത്, കുടിവെള്ള സംരക്ഷണ സമിതിയംഗം വിനോദ്, നോബിൾ, സ്വീറ്റ്സൺ, രവി, ജെറി, ടോമി, മിനി പുതക്കാട്ട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചൻ, ജൂലി ബീന എന്നിവർ പങ്കെടുത്തു.


