വീടിന് തീയിട്ടതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: വീടിനുള്ളിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുകരുന്തരുവി അമ്പലംകുന്ന് പനന്താനത്ത് മോഹനൻ (57) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വാഗമണ്ണിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ട്രാവലറിലെ യാത്രക്കാരാണ് മോഹനന്റെ വീടിന് തീപിടിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ അയൽവാസികളെ വിവരമറിയിച്ചു.
അയൽവാസികൾ എത്തി വെള്ളമൊഴിച്ച് വീടിനുള്ളിലെ തീ അണയ്ക്കുന്നതിനിടെ തൊട്ടടുത്ത മുറിയിൽ മോഹനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഗമൺ പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


