ഹോമിയോ ഡിസ്പെൻസറി മാറ്റിയ നടപടി;ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ഇരട്ടയാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും
ഇരട്ടയാർ: ഈട്ടിത്തോപ്പ് ഗവ. ഹോമിയോ ഡിസ്പെൻസറി മാറ്റിയ നടപടിക്കെതിരെ തുടർസമരത്തിന്റെ ഭാഗമായി ഹോമിയോ ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ഇരട്ടയാർ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും.
സമരത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളും ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്ത് അംഗങ്ങളും സംസാരിക്കും.
എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, ഈട്ടിത്തോപ്പ് വിജയമാതാ പള്ളി വികാരി ഫാ. ജോസഫ് പാറക്കടവിൽ, ബഥേൽ സെന്റ് ജേക്കബ് പള്ളി വികാരി ഫാ. ജോസഫ് നടൂപ്പടവിൽ, എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് വി.കെ. ശ്രീനിവാസൻ, സി.എസ്.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പീരുമേട്, എസ്.എൻ.ഡി.പി യോഗം ഈട്ടിത്തോപ്പ് ശാഖാ പ്രസിഡന്റ് രാജൻ വെള്ളാപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്. മോഹനൻ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിൻസൺ വർക്കി, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ടി.സി. കുര്യൻ, ബി.ജെ.പി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമലയിൽ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ എന്നിവർ പ്രസംഗിക്കും.
ബെന്നി കുഴികോടിയിൽ, ശ്രീകാന്ത് പേങ്ങാട്ടുതെക്കൽ, പി.ഡി. മധു, രാജൻ വെള്ളാപ്പള്ളി, വിനീത് വിജയൻ എന്നിവർ അറിയിച്ചു.


