കൊച്ചുതോവാളയിൽ മയക്കുമരുന്ന് മാഫിയയ്ക്കും ക്രിമിനൽ സംഘങ്ങൾക്കും എതിരെ സിപി.എം പ്രതിഷേധം
കട്ടപ്പന: നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന മയക്കുമരുന്ന് മാഫിയയെയും ക്രിമിനല്‍ സംഘങ്ങളെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വ്യക്തമാക്കി. കൊച്ചുതോവാളയിൽ സിപി.എം സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നാട്ടുകാരെ അക്രമിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടറി കുമ്ബിളുങ്കൽ കെ.ജി. ജിലിമോനെ മാരകായുധങ്ങൾ ഉപയോഗിച്ച് ഗുണ്ടകൾ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. സ്ത്രീകളും വയോധികരുമുൾപ്പെടെ പലരെയും ഇവർ ആക്രമിച്ചതായും സി.വി. വർഗീസ് പറഞ്ഞു.
“ഇത്തരം ഗൂഢസംഘങ്ങൾ സമൂഹത്തിൽ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നവരുടെ സംഭാവനയാണ്. ജനങ്ങളെ സംരക്ഷിക്കാനും സുരക്ഷിതജീവിതം ഉറപ്പാക്കാനും സിപി.എം ഏതറ്റംവരെയും പോകും. ക്രമസമാധാനം നിലനിർത്താൻ പൊലീസ് കർശന നടപടി സ്വീകരിക്കണം” — സി.വി. വർഗീസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ജി.എം. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം.സി. ബിജു, ടോമി ജോർജ്, പി.ബി. ഷാജി, കെ.പി. സുമോദ്, സുധർമ മോഹനൻ എന്നിവർ സംസാരിച്ചു.





