ശബരിമല തീർത്ഥാടന മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ച് സർക്കാർ
ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകി.
ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളുടെ പുനരുദ്ധാരണം, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, അപകടമേഖലകളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും തുക വിനിയോഗിക്കുക. ക്രാഷ് ബാരിയറുകൾ, റിഫ്ലക്ടറുകൾ, സൂചനാ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണത്തിനും പദ്ധതിയിൽ പ്രാധാന്യം നൽകും.
കഴിഞ്ഞ വർഷത്തേക്കാൾ 173.70 കോടി രൂപ അധികമാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024–25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്.
തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിർമാണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


