‘ട്രാഫിക് ചലാൻ’ സന്ദേശമെത്തിയോ? സൂക്ഷിക്കുക; വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്
വാട്സാപ്പിലൂടെ എത്തുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ട്രാഫിക് ചലാൻ അടയ്ക്കാനുണ്ടെന്ന് കാണിച്ച് വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകാരുടെ കെണിയിൽപ്പെടാതിരിക്കാൻ പിഴ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് വാഹന ഉടമകൾക്ക് നിർദേശം നൽകി.
രാജ്യത്തെ ട്രാഫിക് ചലാൻ നടപടികളും പിഴ ഈടാക്കലും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത്. വാഹനത്തിന് പിഴയുണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക e-Challan വെബ്സൈറ്റ് മാത്രം ഉപയോഗിക്കണം. വാഹന നമ്പർ അല്ലെങ്കിൽ ചലാൻ നമ്പർ നൽകി രാജ്യത്തെ ഏത് ഭാഗത്ത് ലഭിച്ച ചലാന്റെയും വിവരങ്ങൾ പരിശോധിക്കാനും പിഴ അടയ്ക്കാനും സാധിക്കും.
ഓൺലൈനായി പണമടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് സമീപത്തെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സേവന കേന്ദ്രങ്ങളിലൂടെയോ പിഴ അടയ്ക്കാം. കോടതി നടപടികളിലേക്ക് മാറ്റിയ ചലാനുകളുടെ തുടർനടപടികൾക്കായി ബന്ധപ്പെട്ട ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ നേരിട്ട് ബന്ധപ്പെടണം.
പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


