സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും; ആറ് പേർ മരിച്ചു, അഞ്ച് പേരെ കാണാതായി
കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് മരണം
സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വ്യാപക നാശം വിതയ്ക്കുന്നു. വിവിധ ജില്ലകളിലായി ആറ് പേർ മരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേരും മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ രണ്ട് പേരുമാണ് മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ കാണാതായതായും വിവരമുണ്ട്.
ഇടുക്കി വട്ടവടയിൽ കനത്ത മഴയ്ക്കിടെ മണ്ണിടിഞ്ഞ് കൊട്ടാക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ (47), സഹോദരി ചിന്നു (38) എന്നിവർ മരിച്ചു. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിക്കൂറുകളായി തുടർന്ന കനത്ത മഴയ്ക്കിടെ കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ബാലകൃഷ്ണനും ചിന്നുവും മാരിയമ്മയും ഷെഡിനുള്ളിലുണ്ടായിരുന്നു. ഷെഡ് പൂർണമായും തകർന്നതോടെ മൂവരും മണ്ണിനടിയിൽപ്പെട്ടു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട–വാഗമൺ റോഡിൽ വേലത്തുശ്ശേരി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ തമിഴ്നാട് സ്വദേശിനിയും മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം കോട്ടപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് രണ്ട് പേർ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വിനോദസഞ്ചാരകേന്ദ്രമായ ടി.കെ. നഗറിലാണ് സംഭവം. പൊട്ടിക്കല്ല് മുട്ടിക്കുണ്ട് ഭാഗത്തുനിന്ന് ഏകദേശം 50 വയസ് തോന്നിക്കുന്ന പുരുഷന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒരാൾ തിരൂരിൽ നിന്നെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പൂക്കോട്ടുംപാടം പുഴയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സഞ്ചാരികൾ എത്തിയിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ 27ഓളം പേർ പുഴയുടെ മധ്യത്തിൽ അകപ്പെട്ടു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഇവരെ സുരക്ഷിതമായി കരയിലെത്തിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.


