കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ സംഭാവന നൽകി
അങ്കമാലി: കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ സംഭാവന നൽകി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഒരു സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ ബസ് വാങ്ങുന്നതിനായി ഇത്രയും തുക സംഭാവന നൽകുന്നത് ആദ്യമായാണ്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറി. തുടർന്ന് മന്ത്രി ചെക്ക് കെഎസ്ആർടിസി സി.എം.ഡിക്ക് കൈമാറി.
“ഇത് നല്ലൊരു കൈനീട്ടമാകട്ടെ. കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ മുന്നോട്ടുവരട്ടെ”, മുഖ്യമന്ത്രി പറഞ്ഞു. ജോസിന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം. ജോണും വ്യക്തമാക്കി.
അങ്കമാലി മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്നാണ് ബസ് വാങ്ങി നൽകാൻ ജോസ് തീരുമാനിച്ചത്. ഇക്കാര്യം ആദ്യം മന്ത്രി റോജി എം. ജോണിനെ അറിയിക്കുകയായിരുന്നു.
താൻ സംഭാവന നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽനിന്ന് സർവീസ് നടത്തണമെന്നാണ് ജോസിന്റെ ആവശ്യം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ സർവീസ് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പ് നൽകി.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കും നേരത്തെ കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി തുക സംഭാവന ചെയ്തിരുന്നു. ഈ മാതൃക പിന്തുടർന്ന് കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കെഎസ്ആർടിസി ബസ് സ്പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ എന്നിവയ്ക്കും പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ബസുകൾ സ്പോൺസർ ചെയ്യാം.


