റവന്യൂ ജില്ലാ സ്കൂൾ കായികമേള : സ്വാഗതസംഘം രൂപീകരിച്ചു
കാഞ്ഞിരപ്പള്ളി: ഒക്ടോബർ 8, 9, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീർ ഉദ്ഘാടനം ചെയ്തു. കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.
കായികമേളയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരെയും കൺവീനർമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോഫി ജോസഫ്, ഗ്രാമപഞ്ചായത്തംഗം സജി കുരീക്കാട്ട്, പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ പ്രഥമാധ്യാപിക പി.ജി. ദീപ, അധ്യാപക സംഘടനാ പ്രതിനിധികളായ ടോമി ജേക്കബ്, എസ്. രാഹുൽ, തൗഫീഖ് കെ. ബഷീർ, സാജൻ പോൾ എന്നിവർ സംസാരിച്ചു.


