കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ മരണം: വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതിയുടെ മരണം: വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി.കെ. തോമസ്, ഡോ. എസ്. ഹാരിജ, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. സി. രവീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഡിവൈഎഫ്ഐ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം 18നാണ് ഹസീനയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്തിയത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.

ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഹസീനയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് അണുബാധ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും വയർ തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4