ഓണപ്പരീക്ഷ നടത്തിപ്പിന് കർശന മാർഗരേഖയുമായി സർക്കാർ
ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ഓണപ്പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി സർക്കാർ. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് നിർദേശം.
പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകർ, പരീക്ഷാചുമതലയുള്ള അധ്യാപകർ, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.
ചോദ്യക്കടലാസ് കൈകാര്യംചെയ്യാൻ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവർത്തിക്കും. ബിആർസികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റർ സൂക്ഷിക്കാനും മുഴുവൻ സ്കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിർദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആർസി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിർവഹിക്കും.






