സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും ഒ.പി. സമയവും പ്രദർശിപ്പിക്കണം : ഉത്തരവ് ഇറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും ഒ.പി. സമയക്രമവും പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
ഓരോ സ്ഥാപനത്തിലും അനുവദിച്ചിട്ടുള്ള ഡോക്ടർമാരുടെ ആകെ തസ്തികകളുടെ എണ്ണം, നിലവിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം, ഒഴിവുള്ള തസ്തികകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണം. ഓരോ ഡോക്ടറുടെയും ഒ.പി./കൺസൾട്ടേഷൻ സമയക്രമവും വ്യക്തമായി രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഒ.പി. സമയത്ത് ഡോക്ടർമാർ ആശുപത്രികളിൽ ഇല്ലെന്നും രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നുമുള്ള പരാതികൾ ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (വിജിലൻസ്), ആശുപത്രി സൂപ്രണ്ട് എന്നിവരെ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകളും ആശുപത്രികളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
പൊതുജനങ്ങൾക്ക് ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിർദേശം.


