സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; 1,068.79 കോടി അനുവദിച്ചു
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് ആശ്വാസമായി സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം സെപ്റ്റംബർ 24 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു.
ഇതിൽ ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 531.62 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. 426.30 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തിച്ചാണ് വിതരണം ചെയ്യുക.
ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതത് മാസത്തിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് സർക്കാർ അറിയിച്ചു.
വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, കർഷകത്തൊഴിലാളികൾ തുടങ്ങിയ അർഹരായ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കും. ഒക്ടോബർ 5നകം സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം.


