കിടപ്പുരോഗികൾക്ക് കരുതലായി തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ എൻഎസ്എസ്; പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക്
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ രണ്ടാം വർഷത്തിലേക്ക് കടന്നു. 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോളജിലെ മുൻ എൻഎസ്എസ് വോളണ്ടിയറും കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ബിജു നൈനാൻ മരുതുക്കുന്നേൽ നിർവഹിച്ചു.
തുടർന്ന് കോളജിന്റെ സമീപപ്രദേശങ്ങളിലെ കിടപ്പുരോഗികളുടെ വീടുകൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഗീതലക്ഷ്മിയുടെയും ബിജു നൈനാൻ മരുതുക്കുന്നേലിന്റെയും നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയർമാർ സന്ദർശിച്ചു. രോഗികൾക്ക് ആവശ്യമായ ഔഷധങ്ങളും ആരോഗ്യപരിപാലന സാമഗ്രികളും വിതരണം ചെയ്തു. പാലിയേറ്റീവ് പരിചരണത്തിലൂടെ കിടപ്പുരോഗികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് എൻഎസ്എസ് യൂണിറ്റിന്റെ ലക്ഷ്യം.


