എം.ജി. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്; ജില്ലയിൽ ക്യാമ്പസുകൾ പോരാട്ടച്ചൂടിൽ

എം.ജി. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്; ജില്ലയിൽ ക്യാമ്പസുകൾ പോരാട്ടച്ചൂടിൽ

തൊടുപുഴ: എം.ജി. സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ജില്ലയിലെ ക്യാമ്പസുകളിൽ ഇന്ന് വോട്ടെടുപ്പ്. ആർട്സ് ആൻഡ് സയൻസ്, ബി.എഡ്., ലോ കോളേജുകൾ ഉൾപ്പെടെ 31ഓളം ക്യാമ്പസുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി സജീവമായിരുന്ന പ്രചാരണത്തിന് പിന്നാലെ ഇന്ന് രാവിലെ 9.30ന് വോട്ടെടുപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടക്കും.

നിലവിൽ 23 ക്യാമ്പസുകളിൽ എസ്.എഫ്.ഐയാണ് യൂണിയൻ ഭരണം കൈയാളുന്നത്. മറ്റു ക്യാമ്പസുകളിലും കെ.എസ്.യു ശക്തമായ മത്സരമാണ് നടത്തുന്നത്. കൂടുതൽ കോളേജ് യൂണിയനുകൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.യു പ്രവർത്തനം ശക്തമാക്കിയപ്പോൾ നിലവിലെ യൂണിയനുകൾ നിലനിർത്താനുള്ള ശ്രമത്തിലാണ് എസ്.എഫ്.ഐ. തൊടുപുഴ അൽ അസ്ഹർ ആർട്സ് കോളേജിൽ കെ.എസ്.യു–എം.എസ്.എഫ് സഖ്യമാണ് മത്സരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത

വോട്ടെടുപ്പ് ആരംഭിക്കുന്ന ഇന്ന് മുതൽ ഫലപ്രഖ്യാപനം പൂർത്തിയാകുന്നതുവരെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികളിലാണ് കോളേജ് മാനേജ്മെന്റുകൾ. ഇതിന്റെ ഭാഗമായി ഇന്നലെ പരസ്യപ്രചാരണത്തിനും വോട്ടുപിടിത്തത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ക്യാമ്പസുകളിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ പൊലീസിനെ വിളിക്കുമെന്ന മുന്നറിയിപ്പും വിദ്യാർഥി സംഘടനകൾക്ക് നൽകിയിട്ടുണ്ട്.

വിജയപ്രതീക്ഷയുമായി മുന്നണികൾ

Slide 1
Slide 2
Slide 3
Slide 4

“ഇത്തവണ ക്യാമ്പസുകളിൽ മിന്നും വിജയം നേടും” — കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിധിൻ ലൂക്കോസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4

“നോമിനേഷൻ നൽകിയ ശേഷം നിലവിൽ 13 ഇടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയും വിജയം ആവർത്തിക്കും” — എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് പറഞ്ഞു.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ യൂണിയൻ ഭരണം പിടിക്കാനും നിലനിർത്താനുമായി വിദ്യാർഥി സംഘടനകൾ പ്രവർത്തനം സജീവമാക്കിയിരുന്നു. മെമ്പർഷിപ്പ് ക്യാമ്പയിനുകൾ, വിവിധ വിദ്യാർഥി പരിപാടികൾ, ഓണാഘോഷങ്ങൾ തുടങ്ങിയവയിലൂടെയും സംഘടനകൾ ക്യാമ്പസ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ശക്തമാക്കി.

സർക്കാർ കോളേജുകളിൽ വിദ്യാർഥികൾ നേരിട്ട് വോട്ട് ചെയ്യുന്ന പ്രസിഡൻഷ്യൽ രീതിയിലും എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ ക്ലാസ് പ്രതിനിധികൾ വോട്ട് ചെയ്യുന്ന പാർലമെന്ററി രീതിയിലുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ വിജയിച്ചിരിക്കണമെന്നത് സ്ഥാനാർഥികൾക്കുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നാണ്. ഇതനുസരിച്ച് യോഗ്യരായ വിദ്യാർഥികളെ കണ്ടെത്തി സ്ഥാനാർഥികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സംഘടനകൾ നേരത്തെ ആരംഭിച്ചിരുന്നു.