കേരളത്തിൽ തുലാവർഷം ശക്തം; ഇടുക്കിയിൽ കനത്ത മഴ
കേരളത്തിൽ തുലാവർഷം ശക്തമായതോടെ വിവിധ ജില്ലകളിൽ മഴ തുടരുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായതോടെ കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.
തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
തെക്കൻ ജില്ലകളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തെ വിതുര, പൊൻമുടി മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. വിതുര പഞ്ചായത്തിലെ മണിതൂക്കി, മരുതാമല വാർഡുകളിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ സുരക്ഷിതമായ മറ്റു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
പേപ്പാറ ഡാമിന്റെ റിസർവോയറിൽനിന്നുള്ള വെള്ളം റോഡിലേക്ക് കയറിയതോടെ പൊടിയക്കാല ആദിവാസി ഊരിലേക്കുള്ള വഴികൾ വെള്ളത്തിനടിയിലായി.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുകയും നീരൊഴുക്ക് വർധിക്കുകയും ചെയ്തതിനെ തുടർന്ന് അരുവിക്കര ഡാമിന്റെ 2, 3, 4, 5 ഷട്ടറുകൾ ഉയർത്തി. ഓരോ ഷട്ടറും 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. നേരത്തേ ഉയർത്തിയ 80 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 200 സെന്റിമീറ്റർ ഉയരത്തിലാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്.
ജില്ലകളിലെ മഴ മുന്നറിയിപ്പ്
ഒക്ടോബർ 21 ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വരും ദിവസങ്ങളിലെ മുന്നറിയിപ്പ് പ്രകാരം:
- ഒക്ടോബർ 22, വ്യാഴം: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
- ഒക്ടോബർ 23, വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
- ഒക്ടോബർ 24, ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
കൂടാതെ, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കൊപ്പം കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട് തീരത്തോടു ചേർന്ന പ്രദേശത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
തായ്ലൻഡ്, മ്യാൻമർ മേഖലകളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാതച്ചുഴി വടക്കൻ ആൻഡമാൻ കടലിലേക്ക് നീങ്ങുമെന്നും തുടർന്ന് ഒക്ടോബർ 23-ഓടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദത്തിന് അനുകൂല സാഹചര്യമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഡാമുകളുടെ സമീപത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


