2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 21 അവധികൾ
തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഉൾപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റർ, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 21 ദിവസങ്ങളാണ് പൊതു അവധി പട്ടികയിലുള്ളത്. എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സർക്കാർ ഓഫീസുകൾക്ക് പതിവ് അവധിയായിരിക്കും.
ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് വർഷത്തെ പൊതു അവധികൾ ആരംഭിക്കുന്നത്. മാർച്ചിൽ മഹാശിവരാത്രി, റംസാൻ, പെസഹ വ്യാഴം, ദുഃഖവെള്ളി എന്നിവയും ഏപ്രിലിൽ അംബേദ്കർ ജയന്തി, വിഷു എന്നിവയും അവധികളാണ്. മെയ് ദിനം, ബക്രീദ്, മുഹറം, കർക്കടക വാവ്, ശ്രീകൃഷ്ണ ജയന്തി, അയ്യങ്കാളി ജയന്തി എന്നിവയും പട്ടികയിലുണ്ട്.
സെപ്റ്റംബർ 13ന് മൂന്നാം ഓണവും 14ന് നാലാം ഓണവും 15ന് ശ്രീനാരായണ ഗുരു ജയന്തിയും 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും ആചരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി, 28ന് ദീപാവലി, ഡിസംബർ 25ന് ക്രിസ്മസ് എന്നിവയാണ് മറ്റു പ്രധാന അവധികൾ.
റംസാൻ, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങളിൽ ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ മാറ്റമുണ്ടാകാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
2027ലെ പൊതു അവധി പട്ടിക
- ജനുവരി 2, ശനി — മന്നം ജയന്തി
- ജനുവരി 26, ചൊവ്വ — റിപ്പബ്ലിക് ദിനം
- മാർച്ച് 6, ശനി — മഹാശിവരാത്രി
- മാർച്ച് 10, ബുധൻ — ഇദുൽ ഫിത്തർ (റംസാൻ)
- മാർച്ച് 25, വ്യാഴം — പെസഹ വ്യാഴം
- മാർച്ച് 26, വെള്ളി — ദുഃഖവെള്ളി
- ഏപ്രിൽ 14, ബുധൻ — ഡോ. ബി.ആർ. അംബേദ്കർ ജയന്തി
- ഏപ്രിൽ 15, വ്യാഴം — വിഷു
- മെയ് 1, ശനി — മെയ് ദിനം
- മെയ് 17, തിങ്കൾ — ഇദുൽ അദ്ഹ (ബക്രീദ്)
- ജൂൺ 15, ചൊവ്വ — മുഹറം
- ഓഗസ്റ്റ് 2, തിങ്കൾ — കർക്കടക വാവ്
- ഓഗസ്റ്റ് 24, ചൊവ്വ — ശ്രീകൃഷ്ണ ജയന്തി
- ഓഗസ്റ്റ് 28, ശനി — അയ്യങ്കാളി ജയന്തി
- സെപ്റ്റംബർ 13, തിങ്കൾ — മൂന്നാം ഓണം
- സെപ്റ്റംബർ 14, ചൊവ്വ — നാലാം ഓണം
- സെപ്റ്റംബർ 15, ബുധൻ — ശ്രീനാരായണ ഗുരു ജയന്തി
- സെപ്റ്റംബർ 22, ബുധൻ — ശ്രീനാരായണ ഗുരു സമാധി
- ഒക്ടോബർ 2, ശനി — ഗാന്ധി ജയന്തി
- ഒക്ടോബർ 28, വ്യാഴം — ദീപാവലി
- ഡിസംബർ 25, ശനി — ക്രിസ്മസ്
പതിവ് അവധി ദിനങ്ങളുമായി ഒത്തുവന്ന ആഘോഷങ്ങൾ
ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാം ശനിയാഴ്ചകളിലും വരുന്ന ചില ആഘോഷങ്ങൾ 21 ദിവസത്തെ പൊതു അവധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അവയാണ്:
- മാർച്ച് 28, ഞായർ — ഈസ്റ്റർ
- ഓഗസ്റ്റ് 14, രണ്ടാം ശനി — മിലാദ്-ഇ-ഷെരീഫ് (നബിദിനം)
- ഓഗസ്റ്റ് 15, ഞായർ — സ്വാതന്ത്ര്യദിനം
- സെപ്റ്റംബർ 11, രണ്ടാം ശനി — ഒന്നാം ഓണം
- സെപ്റ്റംബർ 12, ഞായർ — തിരുവോണം
- ഒക്ടോബർ 9, രണ്ടാം ശനി — മഹാനവമി
- ഒക്ടോബർ 10, ഞായർ — വിജയദശമി
നിയന്ത്രിത അവധി ദിനങ്ങൾ
പ്രത്യേക വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- മാർച്ച് 4, വ്യാഴം — അയ്യാ വൈകുണ്ഡ സ്വാമി ജയന്തി: നാടാർ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും.
- ഓഗസ്റ്റ് 17, ചൊവ്വ — ആവണി അവിട്ടം: ബ്രാഹ്മണ സമുദായത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക്.
- സെപ്റ്റംബർ 17, വെള്ളി — വിശ്വകർമ ദിനം: വിശ്വകർമ സമുദായത്തിൽപ്പെട്ട സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും.


