കെഫോണിന്റെ ഒ.ടി.ടി സേവനങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിനോദവും വിജ്ഞാനവും വിരല്‍ത്തുമ്പിലൊരുക്കി 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളുമടങ്ങുന്ന സേവനങ്ങള്‍ക്കാണ് തുടക്കമായത്
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി എത്തുന്ന ഒ.ടി.ടിയിലൂടെ മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാകും നല്‍കുക.
പ്രമുഖ ഒ.ടി.ടികളായ ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്‌സ് ടി.വി തുടങ്ങിയ ഒ.ടി.ടികളും കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും കെഫോണ്‍ ഒരുക്കിയിട്ടുണ്ട്.
444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒ.ടി.ടിക്കായി തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്കൊണ്ടും തുടര്‍ വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് കെഫോണ്‍ പ്രവര്‍ത്തനം. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍.





