പുതിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി.

ഗതാഗത വകുപ്പിന് ഹൈക്കോടതി ഉത്തവില്‍ കനത്ത തിരിച്ചടി

പുതിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി.

പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം.

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതിയുടെ നടപടി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളുമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിർദ്ദേശം. കംപ്യൂട്ടറൈസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ പരിശീലിച്ച ഉദ്യോഗാർത്ഥികള്‍ക്ക് ഇത് അനാവശ്യ നേട്ടമാകുമെന്നായിരുന്നു ഹ‍ർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത കമ്മീഷൻ നിശ്ചയിച്ചിരുന്നു.

ഡ്രൈവിംഗ് പരിശീലന വാഹനങ്ങള്‍ക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമെന്ന് കമ്മീഷണർ പറഞ്ഞിരുന്നു. ഇത് മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നി‍ർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.