ഗോവിന്ദച്ചാമി എന്ന് വിളിച്ചതു കേട്ടപ്പോള്‍ മതില്‍ ചാടി പാഞ്ഞോടി’; ദൃക്‌സാക്ഷിയുടെ പ്രതികരണം
ജയില്‍ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍.

കണ്ണൂര്‍ തളാപ്പില്‍ ഇന്ന് രാവിലെ 9.20ഓടെയാണ് ജയില്‍ ചാടി രക്ഷപ്പെട്ട പ്രതി ഗോവിന്ദച്ചാമിയെ ആകാമെന്ന് സംശയിക്കുന്ന ആളെ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രാക്ക് പാന്റ്‌സും കള്ളി ഷര്‍ട്ടും ധരിച്ച്, തലയില്‍ വേസ്റ്റ് പോലുള്ള തുണി വെച്ചിട്ടാണ് അയാള്‍ നടന്നു പോവുന്നത് കാണപ്പെട്ടത്. തളാപ്പ് കാനറ ബാങ്ക് മുന്‍വശത്തൂടെ സാവധാനം നടന്നു പോകുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത് സമീപവാസിയായ വിനോജാണ്.
"ഓഫിസിലേക്ക് പോകുന്ന വഴി റോഡിന്റെ ഇടതുഭാഗത്ത് ഒരാള്‍ വളരെ പതുക്കെ നടക്കുന്നത് കണ്ടു. വാര്‍ത്തകളിലൂടെ മുഖം കണ്ടിരുന്നതിനാല്‍ സംശയം തോന്നി. സ്‌കൂട്ടര്‍ കുറച്ച് ദൂരം മുന്നേ വിട്ട് തിരിച്ചു വന്ന് അടുത്തുള്ള ഓട്ടോ ഡ്രൈവര്‍ക്ക് വിവരമറിയിച്ച് ഇയാളെ പിന്തുടര്‍ന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ 'എടാ, എടാ' എന്നു വിളിച്ചു. പിന്നീട് 'എടാ ഗോവിന്ദച്ചാമി' എന്നു വിളിച്ചപ്പോള്‍ അയാള്‍ സമീപമുള്ള വലിയ മതിലിലൂടെ ചാടി ഓടി രക്ഷപ്പെട്ടു," വിനോജ് പറഞ്ഞു.
സംഭവം ഉടനെ പൊലീസ് അധികൃതരെ അറിയിച്ചതായും അഞ്ച് മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചതായും വിനോജ് വ്യക്തമാക്കി.
നിര്‍മ്മാണം പുരോഗമിക്കുന്ന വീടിന്റെ മുന്‍വശം വഴി അയാള്‍ സമീപവനത്തിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.