താൽക്കാലിക മേളകൾക്ക് അനുമതി നൽകരുത്; തൊടുപുഴ നഗരസഭയോട് കെ.ടി.ജി.എ
തൊടുപുഴ: നഗരപരിധിയിൽ താൽക്കാലിക മേളകൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല കമ്മിറ്റി നഗരസഭയ്ക്ക് നിവേദനം നൽകി.
മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീലിന് മേഖല പ്രസിഡന്റ് അനസ് പി. അസീസാണ് നിവേദനം കൈമാറിയത്.
മുനിസിപ്പൽ മൈതാനം മേളകൾക്കായി അനുവദിക്കാത്ത സാഹചര്യത്തിൽ, സ്വകാര്യ ഓഡിറ്റോറിയങ്ങൾ വാടകയ്‌ക്കെടുത്ത് സംസ്ഥാന വ്യാപകമായി മേളകൾ നടത്തുന്ന കുത്തക വ്യാപാരികൾ തൊടുപുഴയിലേക്ക് കടന്നുവരാൻ ശ്രമിക്കുന്നതായി കെ.ടി.ജി.എ ആരോപിച്ചു.
എക്സിബിഷൻ എന്ന പേരിൽ നടത്തുന്ന ഇത്തരം മേളകളിൽ സ്റ്റാളുകൾ നിശ്ചിത തുകയ്ക്ക് വിവിധ വ്യാപാരികൾക്ക് അനുവദിക്കുകയാണ് പതിവ്. എന്നാൽ, പങ്കെടുക്കുന്ന വ്യാപാരികളിൽ തൊടുപുഴ സ്വദേശികൾക്ക് അവസരം ലഭിക്കാറില്ലെന്നും ഇത് പ്രാദേശിക വ്യാപാരികൾക്ക് തിരിച്ചടിയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇത്തരം മേളകൾ പ്രാദേശിക വ്യാപാരികൾക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്നും, സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങൾ വാടകയ്ക്ക് നൽകുന്ന പ്രവണതയിൽ സംഘടന അതൃപ്തി രേഖപ്പെടുത്തി.
മേഖല സെക്രട്ടറി നസീർ ബി.എം., ട്രഷറർ സജി സിറിയക്, വൈസ് പ്രസിഡന്റ് മുജീബ് ടി.കെ., ജോയിന്റ് സെക്രട്ടറി അഫ്സൽ പി.എ. എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.





