ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്താൻ 360 ഡിഗ്രി മെറ്റബോളിക് സെന്റർ; തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി
തൊടുപുഴ: ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്നതിനും ആധുനിക പരിശോധനാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി തൊടുപുഴ ജില്ലാ ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ പ്രവർത്തനമാരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
പ്രമേഹം, അമിത രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിശോധനകളും തുടർചികിത്സയും ഉറപ്പാക്കുന്നതിനും കേന്ദ്രത്തിൽ സൗകര്യമുണ്ട്.
ശരീരത്തിലെ കൊഴുപ്പിന്റെയും പേശികളുടെയും അളവ് പരിശോധിക്കുന്ന ബോഡി കോമ്പോസിഷൻ അനലൈസർ, പ്രമേഹരോഗികളിലെ കണ്ണിന്റെ ആരോഗ്യനില വിലയിരുത്തുന്ന നോൺ-മൈഡ്രിയാറ്റിക് ഫണ്ടസ് ക്യാമറ, കാലിലെ ഞരമ്പുകളുടെ പ്രവർത്തനം പരിശോധിക്കുന്ന ബയോതീസിയോമീറ്റർ, രക്തക്കുഴലുകളിലെ തടസ്സങ്ങൾ കണ്ടെത്തുന്നതിനുള്ള ആർട്ടീരിയൽ ഡോപ്ലർ സ്കാൻ, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന സ്പൈറോമെട്രി തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം മനോജ് കൊക്കാട്, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ സി. എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും രോഗനിയന്ത്രണത്തിനും സഹായകമായ ആധുനിക പരിശോധനാ സൗകര്യങ്ങൾ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിലൂടെ ജില്ലയിലെ ആരോഗ്യപരിരക്ഷാ രംഗത്ത് പുതിയ മുന്നേറ്റമാകും ഈ കേന്ദ്രം. പൊതുജനങ്ങൾ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.


