ശബരിമല തീർത്ഥാടകർക്ക് തൊടുപുഴയിൽ ഇടത്താവളം ; സൗകര്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കും

ശബരിമല തീർത്ഥാടകർക്ക് തൊടുപുഴയിൽ ഇടത്താവളം ; സൗകര്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കും

തൊടുപുഴ:ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭാ പരിധിയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്കായി നഗരസഭയുടെ നേതൃത്വത്തിൽ ഇടത്താവളം ഒരുക്കും. നഗരസഭാ ഓഫീസിന് സമീപമാണ് ഇടത്താവളം സജ്ജീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സന്റെ ചേംബറിൽ ആലോചനായോഗം ചേർന്നു.

ചെയർപേഴ്സൺ സാബിറ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തി. കുടിവെള്ളം, ശുചിമുറി, അടിയന്തര ചികിത്സാ സൗകര്യം, എമർജൻസി ഹെൽപ്പ് നമ്പർ, പോലീസ്, ഫയർഫോഴ്സ് സേവനങ്ങൾ, നഗരസഭയുടെ വിവിധ സേവനങ്ങൾ എന്നിവ ഇടത്താവളത്തിൽ ലഭ്യമാക്കും.

Slide 1
Slide 2
Slide 3
Slide 4

തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന 'SARAN' ആപ്പിന്റെ ക്യു.ആർ. കോഡും ഇടത്താവളത്തിൽ സ്ഥാപിക്കും. ഇതിലൂടെ തീർത്ഥാടകർക്ക് ആപ്പിലെ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും.

യോഗത്തിൽ വൈസ് ചെയർമാൻ കെ. ദീപക്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി സെബാസ്റ്റ്യൻ, റംസിയ, സുധാകരൻ നായർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അൻസൽ ഐസക്ക്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, തൊടുപുഴ ജില്ലാ ആശുപത്രി, ഫയർഫോഴ്സ്, പോലീസ് അധികൃതർ, കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം, മുല്ലക്കൽ ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ശബരിമലയിലേക്കുള്ള യാത്രാമധ്യേ തൊടുപുഴയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് ഇടത്താവളം ഏറെ സഹായകരമാകുമെന്ന് ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4