തൊടുപുഴ നഗരസഭ കേരളോത്സവം 2026; സമാപന സമ്മേളനവും സമ്മാനദാനവും നടന്നു
തൊടുപുഴ: തൊടുപുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2026-ന്റെ സമാപന സമ്മേളനവും സമ്മാനദാനവും ടൗൺഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസിയ നിയാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹുൽ ഹമീദ് സ്വാഗതം ആശംസിച്ചു.
സമൂഹത്തിലെ സർഗാത്മകവും കലാകായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിച്ച് മികച്ച പ്രതിഭകളെ ജില്ലാ, സംസ്ഥാന തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളോത്സവം സംഘടിപ്പിക്കുന്നത്.
കായിക മത്സരങ്ങളിൽ മികച്ച പങ്കാളിത്തം ഉണ്ടായെങ്കിലും കലാമത്സരങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രാതിനിധ്യം കുറഞ്ഞതായി ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ കലാ-കായിക മത്സരങ്ങളിൽ കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.
വിളംബര ജാഥ മുതൽ പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ കുടുംബശ്രീ സി.ഡി.എസ്, വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹകരണം ശ്രദ്ധേയമായിരുന്നു. കൗൺസിലർമാരായ ജിതേഷ്, വിഷ്ണു കോട്ടപ്പുറം എന്നിവരുടെ പ്രത്യേക മേൽനോട്ടവും മറ്റ് കൗൺസിലർമാരുടെ ഇടപെടലുകളും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദേവസനന്റെ ഏകോപനവും ചെയർപേഴ്സൺ പ്രത്യേകം പരാമർശിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച നഗരസഭാ ജീവനക്കാരെയും അഭിനന്ദിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി സെബാസ്റ്റ്യൻ, സുധാകരൻ നായർ, മറ്റ് കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, നഗരസഭാ ജീവനക്കാർ, മത്സരാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


