ശബരിമല തീർത്ഥാടകർക്ക് തൊടുപുഴയിൽ വിശ്രമകേന്ദ്രം; അടിസ്ഥാന സൗകര്യങ്ങളും അടിയന്തര സേവനങ്ങളും ഒരുക്കി നഗരസഭ

ശബരിമല തീർത്ഥാടകർക്ക് തൊടുപുഴയിൽ വിശ്രമകേന്ദ്രം; അടിസ്ഥാന സൗകര്യങ്ങളും അടിയന്തര സേവനങ്ങളും ഒരുക്കി നഗരസഭ

തൊടുപുഴ: ശബരിമല തീർത്ഥാടന കാലത്ത് തൊടുപുഴയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക വിശ്രമകേന്ദ്രം സജ്ജമാക്കി. നഗരസഭാ ഓഫീസിന് സമീപം ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു.

വൈസ് ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. സുധാകരൻ നായർ, ഷാഹുൽ ഹമീദ്, സുബൈദ സെയ്‌തു മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ് എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനേഷ് പൗലോസ്, ഫയർ സ്റ്റേഷൻ ഓഫീസർ ജയറാം ടി.കെ., തൊടുപുഴ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ ദീപ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ ക്ഷേത്ര ഭാരവാഹികൾ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.

തീർത്ഥാടകർക്കായി കുടിവെള്ളം, ഫാൻ, മൊബൈൽ ഫോൺ ചാർജിങ്, അടിയന്തര മെഡിക്കൽ സഹായം, നഗരസഭയുടെ ആംബുലൻസ് സേവനം, പോലീസ്-ഫയർഫോഴ്‌സ് സഹായം എന്നിവ കേന്ദ്രത്തിൽ ലഭ്യമാകും. ഹെൽപ്പ് ലൈൻ നമ്പറുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സമീപത്തെ നഗരസഭാ ടോയ്‌ലറ്റ് സൗകര്യവും നഗരസഭാ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും തീർത്ഥാടകർക്ക് പ്രയോജനപ്പെടുത്താം.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ SARAN ആപ്പിന്റെ ക്യു.ആർ. കോഡും വിശ്രമകേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. തീർത്ഥാടന പാതകളിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ആറ് ഭാഷകളിൽ ആപ്പിലൂടെ ലഭ്യമാകും.

തൊടുപുഴ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ശബരിമല തീർത്ഥാടകർക്കായി ഇത്തരത്തിൽ പ്രത്യേക വിശ്രമകേന്ദ്രവും സഹായസൗകര്യങ്ങളും ഒരുക്കുന്നത്. യാത്രാക്ഷീണം അകറ്റുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പദ്ധതി ഉപകരിക്കുമെന്ന് ചെയർപേഴ്സൺ സാബിറ ജലീൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4