പ്ലാസ്റ്റിക് തരംതിരിക്കലിൽ മികച്ച നേട്ടവുമായി തൊടുപുഴ നഗരസഭ ഹരിതകർമ്മസേന

ഒക്ടോബറിൽ മാത്രം 60,720 രൂപയുടെ അധിക വരുമാനം

പ്ലാസ്റ്റിക് തരംതിരിക്കലിൽ മികച്ച നേട്ടവുമായി തൊടുപുഴ നഗരസഭ ഹരിതകർമ്മസേന

തൊടുപുഴ: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ തരംതിരിക്കലിലൂടെ ശ്രദ്ധേയമായ നേട്ടവുമായി തൊടുപുഴ നഗരസഭയിലെ ഹരിതകർമ്മസേന. നഗരസഭയിലെ 38 വാർഡുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗത്തിനായി കൈമാറിയതിലൂടെ ഒക്ടോബർ മാസത്തിൽ മാത്രം 60,720 രൂപയുടെ അധിക വരുമാനമാണ് സേനയ്ക്ക് ലഭിച്ചത്.

ആകെ 7,590 കിലോഗ്രാം പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക്കാണ് ഇത്തരത്തിൽ വേർതിരിച്ചെടുത്തത്. കിലോഗ്രാമിന് ശരാശരി എട്ട് രൂപ നിരക്കിൽ അംഗീകൃത ഏജൻസിക്കാണ് പ്ലാസ്റ്റിക് കൈമാറിയത്. നവംബർ 13ന് 2,590 കിലോയും 16ന് 2,390 കിലോയും 19ന് 2,610 കിലോയും ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് പ്ലാസ്റ്റിക് കൈമാറിയത്. ഇതിലൂടെ ലഭിക്കുന്ന തുക ഹരിതകർമ്മസേനാംഗങ്ങളുടെ അധിക വരുമാനമായി മാറും.

Slide 1
Slide 2
Slide 3
Slide 4

ഈ വർഷം ഓഗസ്റ്റിലാണ് നഗരസഭയിൽ പ്ലാസ്റ്റിക് തരംതിരിക്കൽ പ്രക്രിയ ആരംഭിച്ചത്. ഓരോ മാസവും പുരോഗതി കൈവരിച്ചാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്. കാഞ്ഞിരമറ്റത്തുള്ള നഗരസഭയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) കേന്ദ്രത്തിലാണ് തരംതിരിക്കൽ നടക്കുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സേനാംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവർത്തനം.

ഓരോ ഗ്രൂപ്പിന്റെയും പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലും കൺസോർഷ്യം പ്രസിഡന്റ് ജാസ്മിൻ അലിയാർ, സെക്രട്ടറി ഷൈനി ഷിജു എന്നിവരുടെ മേൽനോട്ടത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

നഗരസഭയിൽ പ്രതിമാസം 40 മുതൽ 45 ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണ് ഹരിതകർമ്മസേന ശേഖരിക്കുന്നത്. ഇതിൽ 30 മുതൽ 40 ശതമാനം വരെ പുനരുപയോഗയോഗ്യമായ പ്ലാസ്റ്റിക് വേർതിരിച്ചെടുക്കുകയാണ് ലക്ഷ്യം. അടുത്ത ജനുവരി അവസാനത്തോടെ ഈ ലക്ഷ്യം പൂർണമായി കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹരിതകർമ്മസേനാംഗങ്ങൾ