സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കടലിൽ മത്സ്യബന്ധനത്തിന് നിരോധനം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത: അഞ്ചു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നിലവിൽ.

നാളത്തേക്കുള്ള മുന്നറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രാബല്യത്തിലായിരിക്കും.

അതേസമയം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം, മധ്യ കിഴക്കൻ അറബിക്കടല്‍, അതിനോട് ചേർന്ന ഭാഗങ്ങൾ, കൊങ്കൺ തീരം, വടക്കു കിഴക്കൻ അറബിക്കടല്‍, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ മേഖലകൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.