30 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച്‌ സ്വകാര്യ വ്യക്തി

വഴിയടച്ച്‌ പൊതുകുളം മലിനമാക്കിയിട്ടും പഞ്ചായത്തിന് അനക്കമില്ലന്ന് പരാതി

30 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച്‌ സ്വകാര്യ വ്യക്തി

കൊന്നത്തടി പഞ്ചായത്തിലെ ആറാം വാർഡിലെ കാറ്റാടിപ്പാറ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക ശുദ്ധജലസ്രോതസായ കുളം മലിനമായതിനെത്തുടർന്ന് വലിയ ദുരിതത്തിലാണ്. കുളം സമീപമുള്ള സ്ഥലം എറണാകുളം സ്വദേശിയായ വ്യക്തി ആറുമാസം മുമ്പ് സ്വന്തമാക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പുതുതായി കൈവശപ്പെടുത്തിയ സ്ഥലത്തും അതിർത്തിയിലൂടെയുള്ള നടപ്പുവഴിയിലും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുമാറ്റി ഏലക്കൃഷിക്ക് തയ്യാറാക്കിയ സമയത്താണ് കുളം തകരുന്നത്. ശക്തമായ മഴയെത്തുടർന്ന് ഇളക്കിയ മണ്ണും ചെളിയും ഒലിച്ചെത്തി കുളം മലിനമാകുകയായിരുന്നു.

പ്രദേശവാസികൾ ചേർന്ന് വാടകയ്‌ക്കെടുത്ത മോട്ടോർ ഉപയോഗിച്ച് കുളം വൃത്തിയാക്കിയെങ്കിലും പിന്നീടുണ്ടായ ശക്തമായ മഴ വീണ്ടും കുളം മലിനമാക്കി. കുളം സംരക്ഷിക്കാനായി ചാൽ കീറുകയും വെള്ളം തിരിച്ചുവിടുകയും ചെയ്തെങ്കിലും ഇത് താത്കാലികമായിരുന്നു.

കുളം വീണ്ടും വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്ഥലം ഉടമ സഹകരിക്കാൻ തയാറായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വിവരം വാർഡ് മെംബർ വഴി പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചെങ്കിലും “കുളം പഞ്ചായത്ത് ഉടമസ്ഥതയിലുള്ളതാണെന്നു തെളിയിക്കുന്ന രേഖകളില്ലന്ന മറുപടി മാത്രമാണ് ലഭിച്ചത്.

അതേസമയം, കുളത്തിൽ നിന്ന് മോട്ടോർ വഴി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വൈദ്യുതി ബിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

സ്ഥലം സന്ദർശിച്ച സി.ഐ ചർച്ചയ്ക്ക് വിളിച്ചുചേർത്തപ്പോൾ “കുളത്തിലേക്ക് ഇനി ചെളിവെള്ളം ഒഴുകില്ലന്ന ഉറപ്പ് നൽകിയെങ്കിലും അതും വാക്കിലൊതുങ്ങിയതായി നാട്ടുകാരുടെ പരാതി. പഞ്ചായത്ത് പ്രസിഡന്റിനെയും മന്ത്രിയെയും ബന്ധപ്പെട്ടെങ്കിലും കാര്യമായ ഇടപെടൽ ഇതുവരെ ഉണ്ടായില്ല.

പ്രദേശവാസികൾ ഇപ്പോൾ സമരത്തിലേയ്ക്ക് നീങ്ങാനാണ് തയ്യാറെടുപ്പെന്ന് റിപ്പോര്‍ട്ട്. തങ്ങളാൽ കഴിയുന്നത്ര തവണ മുഴുവൻ അധികൃതരെ സമീപിച്ചിട്ടും കുടിവെള്ളം എന്ന അടിസ്ഥാനാവശ്യത്തിനും ഉത്തരം ലഭിക്കാത്തത് ദുരിതം ഇരട്ടിയാക്കുകയാണെന്ന് അവർ പറയുന്നു.