സ്കൂളുകളില്‍ സമയമാറ്റം 8, 9,10 ക്ലാസ്സുകള്‍ക്ക് മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസം

വിദ്യാഭ്യാസ കലണ്ടർ 2025-26 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതല്‍ ക്ലാസ് 4 വരെ 198 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ് 5 മുതല്‍ 7 വരെ 200 പ്രവർത്തി ദിനങ്ങളായി കൊണ്ടും, ക്ലാസ്സ് 8 മുതല്‍ 10 വരെ 204 പ്രവർത്തിദിനങ്ങളായി കൊണ്ടുമാണ് 2025-26 അക്കാദമിക് വർഷത്തെ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് വ്യക്തമാക്കുന്നതിനാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
എല്‍പി വിഭാഗം സ്‌കൂളുകള്‍ക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും, യുപി വിഭാഗം സ്‌കൂളുകള്‍ക്ക് ആഴ്ചയില്‍ ആറ് പ്രവർത്തിദിനം വരാത്ത രീതിയില്‍ രണ്ട് ശനിയാഴ്ചകള്‍ (ജൂലൈ 26, ഒക്ടോബർ 25) ഉള്‍പ്പെടുത്തി കൊണ്ടും, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകള്‍ക്ക് 6 ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.