ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച; 'പരിശോധന നടന്നില്ലന്ന് റിപ്പോര്‍ട്ട്
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വെളിപ്പെട്ടത്. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചിരുന്നില്ലെന്നും കഴിഞ്ഞ ആറ് മാസമായി ഇലക്ട്രിക് ഫെൻസിംഗ് നിഷ്ക്രിയമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കുള്ള ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നതിൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്നും ജയിൽ മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിറക്കിയത്. നാളെ തന്നെ മാറ്റം നടപ്പാക്കും.
സംഭവത്തെ തുടർന്നു സംസ്ഥാനത്തെ എല്ലാ ജയിലുകളുടെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, ജയിൽ ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിവിധ ജയിലുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ജയിലുകളിൽ പരിശോധന കര്‍ശനമാക്കുന്നതിനുള്ള നിർദ്ദേശം ഇന്നലെ തന്നെ ആഭ്യന്തര വകുപ്പ് നൽകി കഴിഞ്ഞു. ഗോവിന്ദച്ചാമിയുടെ രക്ഷപെടലുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നെങ്കിലും അതില്‍ ഒതുങ്ങാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ സൂചന.
ഇന്നലെ പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു ഗോവിന്ദച്ചാമി ജയിൽചാടിയത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടി ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പത്തുമണിക്കൂറുകൾക്കുശേഷം കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാട്ടുകാരുടെ വിവരമെത്തിയതോടെയാണ് പോലീസ് പരിശോധന കർശനമാക്കി പിടികൂടിയത്.