പെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചു
ഫെബ്രുവരി മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതം ലഭിക്കും.
ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. അക്കൗണ്ട് സൗകര്യമില്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ അതത് ക്ഷേമബോർഡുകൾ മുഖേന വിതരണം ചെയ്യും.
സംസ്ഥാനത്ത് ഇതുവരെ ക്ഷേമപെൻഷൻ ഇനത്തിൽ 49,433.83 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നാം പിണറായി വിജയന്‍ സർക്കാരിന്റെ കാലത്ത് 35,154 കോടി രൂപ പെൻഷനായി നൽകിയിരുന്നു.
2011–16 കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപയാണ് വിതരണം ചെയ്തത്. അന്ന് ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. തുടർന്ന് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി വർധിപ്പിച്ച് അത് 2,000 രൂപയായി ഉയർത്തി.
നിലവിൽ പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് ചെലവാകുന്നത്. കുടിശികകളില്ലാതെ അതത് മാസങ്ങളിൽ തന്നെ വിതരണം തുടരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. ഒരു വർഷം ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഏകദേശം 14,500 കോടി രൂപ വേണ്ടിവരുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കും ഇതിന് ആവശ്യമായ വകയിരുത്തൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






