ഓപ്പറേഷൻ തണ്ടർ: കുമളിയിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി
കുമളി: എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കുമളിയിൽ നിന്ന് ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റോസാപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക്‌ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലാണ് ലഹരി ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നത്.
റോസാപ്പൂക്കണ്ടത്തെ ഒരു വർക്ക്‌ഷോപ്പിൽ നിരവധി ചാക്കുകളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി. പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് 37,000 പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി.
തുടർന്ന് ഒന്നാം മൈലിലെ മറ്റൊരു വർക്ക്‌ഷോപ്പിൽ നടത്തിയ പരിശോധനയിൽ 6,000 പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
ലീസിന് എടുത്ത സ്ഥലത്താണ് വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. വർക്ക്‌ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ലഹരി ഉൽപ്പന്നങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും സംഭവത്തെക്കുറിച്ച് അറിവില്ലെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, കേസിലെ പ്രധാന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത നിരോധിത ലഹരി ഉൽപ്പന്നങ്ങൾ നിയമനടപടികൾക്ക് ശേഷം നശിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി




