തൊഴിലാളികൾക്ക് സുരക്ഷ; ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു
കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ ഒരു ചുവടുവെപ്പായി സംസ്ഥാന സർക്കാർ ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷയും കരുത്തും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി ചിയാക്ക് (CHIAK) വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതിയാണ് ‘രക്ഷാകവചം’. നിലവിൽ വേതന സുരക്ഷാ പദ്ധതിയിൽ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളും അംഗങ്ങളാണ്.
ജോലിസ്ഥലത്തോ അല്ലാതെയോ ഉണ്ടാകുന്ന ആകസ്മിക അപകട മരണങ്ങളിൽ തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം ലഭിക്കും. ഇത് വർക്ക്മെൻ കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പുറമേയാണെന്നതാണ് പ്രത്യേകത. വെറും 150 രൂപ വാർഷിക വിഹിതത്തിൽ 25 ലക്ഷത്തോളം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2025–26 ബജറ്റിൽ 30 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. അപകടം സംഭവിക്കുന്ന പക്ഷം മരണ സർട്ടിഫിക്കറ്റ്, FIR, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക്കിന്റെ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകിയാൽ എത്രയും വേഗം ധനസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.






