ഉദ്ഘാടനത്തിനൊരുങ്ങി വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രം

പി.ജെ ജോസഫ് എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 98.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്

ഉദ്ഘാടനത്തിനൊരുങ്ങി വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രം

നിലവില്‍ വണ്ണപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രമാണ് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി പ്രവര്‍ത്തനമാരംഭിക്കുന്നത്. കൂടാതെ വണ്ണപ്പുറം പഞ്ചായത്തിന്റെ 51 ലക്ഷം രൂപയും ആര്‍ദ്രം പദ്ധതിയുടെ 15 ലക്ഷം രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 

 വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുട്ടി, പുളിക്കത്തൊട്ടി, കള്ളിപ്പാറ, ബ്ലാത്തി, വെള്ളള്ള്, മുള്ളരിങ്ങാട് തുടങ്ങിയ ദൂരപ്രദേശങ്ങളില്‍ നിന്നുള്ള രോഗികളാണ് ഈ ആരോഗ്യകേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ഉച്ചവരെയുള്ള ഒപി സേവനത്തിന് പുറമെ നാലുമണി വരെയുള്ള സായാഹ്ന ഒപി യായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആറു മണി വരെ ഒപി പ്രവര്‍ത്തിക്കും.

ജോലി കഴിഞ്ഞ് എത്തുന്നവര്‍ക്കും സായാഹ്ന ഒപിയിലൂടെ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്താം. വീടുകളിലെ കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനായി പാലിയേറ്റീവ് കെയര്‍ സേവനം, ജെഎന്‍-ഐ സേവനം, ഫാര്‍മസി, ലാബ് എന്നീ സൗകര്യങ്ങളും 21 ജീവനക്കാരും ആശുപത്രിയിലുണ്ട്.