കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

ഇടുക്കി: കേരള പോലീസിന്റെ അഭിമാനവും സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗുമായ ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. കുയിലിമലയിലെ ഇടുക്കി കെ-9 സ്ക്വാഡ് കെട്ടിടസമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.

2015 ജൂൺ 30-നാണ് നീലി പോലീസ് സേനയുടെ ഭാഗമായത്. തൃശൂർ പോലീസ് അക്കാദമിയിൽ ഒൻപത് മാസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിൽ ചേർന്ന നീലി, ലഹരിമരുന്ന് വേട്ടയിൽ പോലീസിന് വലിയ കരുത്തായി മാറി. ഔദ്യോഗിക സേവനത്തിനിടെ അൻപതോളം പ്രധാന ലഹരിമരുന്ന് കേസുകൾ തെളിയിക്കാൻ നീലി പോലീസിനെ സഹായിച്ചു.

Slide 1
Slide 2
Slide 3
Slide 4

2017 മുതൽ 2019 വരെ സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ച നീലി നാഷണൽ പോലീസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

വിരമിച്ച നീലിയെ ദത്തെടുക്കാൻ ഹാൻഡ്ലറായ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് മോഹൻ പി.എൻ സന്നദ്ധത അറിയിച്ച് സംരക്ഷണം ഏറ്റെടുത്തു. രഞ്ജിത് മോഹനും ജെറി ജോർജുമായിരുന്നു നീലിയുടെ ഹാൻഡ്ലർമാർ.

ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ, കെ.പി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ജിജിമോൻ പി.എം എന്നിവർ നീലിയുടെ സേവനങ്ങളെ അനുസ്മരിച്ചു. സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് നന്ദി രേഖപ്പെടുത്തി.