വണ്ടിപ്പെരിയാറില്‍ ഡ്രൈ ഡേയിലും മദ്യവില്‍പ്പന ; എക്‌സൈസ് പരിശോധനയില്‍ ഒരാള്‍ പിടിയില്‍

ചായക്കടയുടെ മറവില്‍ നടത്തിവന്നിരുന്ന സമാന്തര മദ്യ വില്‍പ്പന ശാലയില്‍ നിന്ന്‌ 14 ലിറ്റര്‍ വിദേശമദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ ഡ്രൈ ഡേയിലും മദ്യവില്‍പ്പന ; എക്‌സൈസ് പരിശോധനയില്‍ ഒരാള്‍ പിടിയില്‍

വണ്ടിപ്പെരിയാർ : എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ.എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചായക്കടയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അനധികൃത മദ്യവില്‍പ്പനശാലയില്‍ നിന്ന് 14 ലിറ്ററോളം വിദേശ മദ്യം പിടികൂടിയത്.

രാത്രി ബാറും ചില്ലറ മദ്യവില്‍പ്പന ശാലയും അടച്ച്‌ കഴിഞ്ഞാലും ചായ കടയോട്‌ ചേര്‍ന്നുള്ള മദ്യവില്‍പ്പന ശാല പ്രവര്‍ത്തിച്ചിരുന്നതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ബാത്ത്‌ റൂമില്‍ അലക്ക്‌ കല്ലിനടിയില്‍ സജ്‌ജീകരിച്ചിരുന്ന ഇടത്താണ്‌ മദ്യക്കുപ്പികള്‍ സുക്ഷിച്ചിരുന്നത്‌.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. അസീം, ഗോകുല്‍ കൃഷ്ണന്‍, വനിതാ സി.ഇ.ഒ കെ.എസ്. അര്‍ഷാന, ഗ്രേഡ് പ്രീവെന്റീവ് ഓഫീസര്‍ അരുണ്‍ ബി. കൃഷ്ണന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ഡി. സതീഷ്‌കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.