ജില്ലയിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു
ഇടുക്കി: “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യവുമായി ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുന്നതിലേക്കുള്ള നിർണായക ചുവടായി ഇടുക്കി ജില്ലയിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു. ചെറുതോണിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്തു.
തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ചടങ്ങിൽ അറിയിച്ചു.
പ്രധാന സവിശേഷതകൾ
📍 മാങ്കുളം മിച്ചഭൂമി – വർഷങ്ങളായി നിലച്ചിരുന്ന മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് പട്ടയ വിതരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു.
📍 മുത്തമ്മ ഉന്നതി (ചിന്നക്കനാൽ) – 238 കുടുംബങ്ങളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം വിതരണം ചെയ്തു.
📍 കട്ടപ്പന ടൗൺഷിപ്പ് – സർവ്വേ നടപടികൾ പൂർത്തിയാക്കി പട്ടയ നടപടികൾക്കായി അപേക്ഷകൾ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കി.
📍 ചെങ്കുളം–കല്ലാർകുട്ടി പദ്ധതി പ്രദേശങ്ങൾ – വർഷങ്ങളായി തീർപ്പാകാതെ കിടന്ന പട്ടയ വിഷയങ്ങൾ സർക്കാർ സജീവമായി പരിഗണിക്കുന്നു.
📍 പൊൻമുടി 10 ചെയിൻ മേഖല – 10 ചെയിനിന് പുറത്തുള്ള കൈവശക്കാരുടെ സർവ്വേ പൂർത്തിയാക്കി രേഖകൾ തയ്യാറാക്കുന്നു.
📍 മറ്റ് ഉന്നതികൾ – കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി എന്നിവിടങ്ങളിലെ സർവ്വേ നടപടികൾ പൂർത്തിയാക്കി സർക്കാരിന് ശുപാർശ സമർപ്പിച്ചു.
ഇടുക്കി ജില്ലയിൽ ഭൂമി എന്നത് ജീവിതോപാധിയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്നും അധികൃതർ വ്യക്തമാക്കി. 2016 മുതൽ ഇതുവരെ 13 പട്ടയമേളകളിലായി ജില്ലയിൽ 43,613 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകൾ മൂലം തടസ്സപ്പെട്ടിരുന്ന 3000 അപേക്ഷകളിലും പതിവ് ഉത്തരവ് തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്നും അറിയിച്ചു.
പട്ടയ മിഷന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും പട്ടയ അസംബ്ലികൾ സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി ഭൂഅവകാശം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.






