കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് മാർഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം ∙ കേരള സ്കൂൾ ശാസ്ത്രോത്സവം 2025-ന്റെ മാർഗരേഖ പുറത്തിറങ്ങി. വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി, അന്വേഷണത്വര, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രധാന ലക്ഷ്യം.
സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയങ്ങൾക്കും സമ്മാനങ്ങൾക്കും അപ്പുറം ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ പ്രധാന ഉദ്ദേശം.
2009-ൽ മത്സരനിയമാവലി പരിഷ്കരിച്ചിരുന്നുവെങ്കിലും, 2019-ൽ വിദഗ്ധരുടെ സഹകരണത്തോടെ പുതുക്കിയ മാന്വലിനെ അടിസ്ഥാനപ്പെടുത്തി നിലവിലെ മാർഗരേഖ രൂപീകരിച്ചു. കാലാനുസൃതമായ മാറ്റങ്ങളും പരിസ്ഥിതി സൗഹൃദപരമായ മത്സര സംവിധാനവും ഇത്തവണത്തെ മാർഗരേഖയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം കേവലം അറിവുൽപാദനത്തിലൊതുങ്ങാതെ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും ശാസ്ത്രബോധവും വളർത്തിയെടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായാണ് ശാസ്ത്രോത്സവം തുടരുന്നത്. പ്രകൃതിയോട് ചേർന്ന ശാസ്ത്ര പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും പുതിയ മാർഗരേഖയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.






