പാല്‍വില വര്‍ധനയ്ക്ക് സാധ്യത; തീരുമാനം 29ന്
കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് പാല്‍വിലയില്‍ ഉടന്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത ശക്തമായി. ലിറ്ററിന് കുറഞ്ഞത് ആറു രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ മില്‍മ ഉറച്ച് നില്‍ക്കുകയാണ്.
ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 29-ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൈക്കൊള്ളും. കാലിത്തീറ്റയുടെ വിലക്കയറ്റവും പരിപാലന ചെലവുകളുടെ വര്‍ധനവും കര്‍ഷകരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, വില വര്‍ധന മാത്രമാണ് പരിഹാരമെന്നാണ് ചെയര്‍മാന്‍ കെ.എസ് മണി വ്യക്തമാക്കിയത്.
പാല്‍വില നിശ്ചയിക്കാന്‍ മില്‍മയ്ക്ക് നിയമപരമായ അധികാരമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വില വര്‍ധന വൈകുന്നതിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തന്നെ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതും ശ്രദ്ധേയമാണ്.
പാല്‍വില ഉയര്‍ന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകും. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ക്കൊപ്പം പാല്‍ ഉപയോഗിക്കുന്ന വിഭവങ്ങള്‍ക്കും വില കൂടാന്‍ സാധ്യതയുണ്ട്. തൈര്, വെണ്ണ, നെയ്യ്, പനീര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വിലയും ഉയര്‍ന്നേക്കും.
അതേസമയം, വിലവര്‍ധന നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമാണ്. ഉപഭോക്താക്കളെ ബാധിക്കാതെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.





