വെന്തുരുകി കേരളം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

വെന്തുരുകി കേരളം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. ഇവിടെ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഏപ്രിൽ 19 വരെ 40 ഡിഗ്രി സെൽഷ്യസ് കടക്കാനോ അതിലധികമാകാനോ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.

അതേസമയം കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

കടുത്ത ചൂട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിർജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, തലവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

⚠️ ജാഗ്രത നിർദേശങ്ങൾ:

ദാഹം തോന്നാതിരുന്നാലും ഇടവേളകളിൽ വെള്ളം കുടിക്കുക

ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക

നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജോലി സമയം ക്രമീകരിക്കുക

തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലിലേക്ക് മാറി വൈദ്യസഹായം തേടുക

മലയോര മേഖലകൾ ഒഴികെ സംസ്ഥാനമൊട്ടാകെ സൂര്യതാപ ഭീഷണി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.