കനത്ത സുരക്ഷ : കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും

കനത്ത സുരക്ഷ : കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനമൊട്ടാകെ പോളിംഗ് ആരംഭിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

25 ദിവസത്തിലധികം നീണ്ട പരസ്യപ്രചാരണം ഏഴിന് വൈകുന്നേരം കൊട്ടിക്കലാശത്തോടെ അവസാനിച്ചതോടെ ഇന്നലെ നിശബ്ദ പ്രചാരണദിനമായിരുന്നു. സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ആകെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം 4-നാണ്.

Slide 1
Slide 2
Slide 3
Slide 4

ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. മൂന്നാം തവണയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽ‍.ഡി.എഫ്. അതേസമയം ചില സീറ്റുകളിൽ വിജയം നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ‍.ഡി.എ.

സംസ്ഥാനത്താകെ 24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് പരിഗണിച്ച് ബൂത്തുകളിൽ കുടിവെള്ളവും വിശ്രമത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പ് നടത്താൻ ബൂത്തുകൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. സുരക്ഷയ്ക്കായി 160 കമ്പനികളുടെ കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരും 53,984 സർവീസ് വോട്ടർമാരുമുണ്ട്. പ്രവാസി വോട്ടർമാരായി 2,42,093 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പലരും വോട്ട് രേഖപ്പെടുത്താൻ വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

സ്ത്രീ വോട്ടർമാർ 1,39,21,868 പേരും പുരുഷ വോട്ടർമാർ 1,32,20,811 പേരുമാണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാർ 273 പേരുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്ന 18-19 വയസ്സുകാരുടെ എണ്ണം 4,66,408 ആണ്.

പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയും വെബ്‌കാസ്റ്റിംഗും ഉൾപ്പെടെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും 43 വിതരണകേന്ദ്രങ്ങളിലൂടെ ഇന്നലെ വിതരണം ചെയ്തു. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

വിതരണ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലേക്ക് എത്തിച്ചു. വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ ഇതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കേണ്ടതുമാണ്.