ഹയർ സെക്കൻഡറി ഫലം മേയ് 25ന്; പ്രവേശനോത്സവം ജൂൺ 1ന്
എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം ഉണ്ടാകും
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപന തീയതിയിൽ മാറ്റം വരുത്തി. നേരത്തെ മേയ് 22ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതുക്കിയ തീരുമാനം പ്രകാരം മേയ് 25നാണ് ഫലം പ്രസിദ്ധീകരിക്കുക. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1ന് നടക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ മേയ് 2 മുതൽ ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സ്കൂൾ മെയിന്റനൻസ് പ്രവർത്തനങ്ങൾ മേയ് 30നകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.
വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി നടപ്പിലാക്കും. 30%ൽ താഴെ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച അധിക ക്ലാസുകളും തുടർന്ന് പ്രത്യേക പരീക്ഷയും സംഘടിപ്പിക്കും.
ഈ വർഷം 4,17,497 വിദ്യാർത്ഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി. യുഎഇയിൽ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബൈയിലെ 633 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇവർക്കായി മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകും. എസ്‌എസ്‌എൽസി ഫലം മേയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായതിനെ തുടർന്നാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ തൊഴിൽ ഒഴിവാക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർകോട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഫലം സിബിഎസ്‌ഇ തടഞ്ഞ വിഷയത്തിൽ സർക്കാരിന് പരിമിതമായ ഇടപെടലാണുള്ളത്. എന്നിരുന്നാലും രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.





