ജില്ലയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
ഇടുക്കി : ജില്ലയിലെ ഉടുമ്പൂരിൽ വൻ ആയുധശേഖരവും വ്യാജമദ്യ നിർമ്മാണ സാമഗ്രികളും സഹിതം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകുന്ന് സ്വദേശി പ്രവീൺ (44) ആണ് പിടിയിലായത്.
ഉടുമ്പൂർ പൊലീസിന്റെ രഹസ്യ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നു നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെത്തിയത്. നാടൻ തോക്കുകൾ, 13 തോട്ടകൾ, 32 ഇരുമ്പ് കടുക്കകൾ, തോക്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഇതിനൊപ്പം, വ്യാജമദ്യം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 25 ലിറ്റർ കോടയും കണ്ടെത്തി. ഇത് സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പ്രതിക്ക് തോക്ക് നിർമ്മാണത്തിൽ വൈദഗ്ധ്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പിടിച്ചെടുത്ത സാമഗ്രികൾ ഇത് വ്യക്തമാക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയധികം ആയുധങ്ങൾ നിർമ്മിച്ചതിന് പിന്നിൽ വന്യമൃഗ വേട്ടയാണോ, അതോ മറ്റ് സാമൂഹിക വിരുദ്ധ ലക്ഷ്യങ്ങളാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രവീൺ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഇയാൾ ആരെയെങ്കിലും ആയുധങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്.





