ഒന്നാംക്ലാസ് പ്രവേശനത്തിന് പ്രായ ഇളവ് നൽകാൻ സിബിഎസ്‌ഇ തീരുമാനം
സിബിഎസ്‌ഇ സ്കൂളുകളിലെ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായമായ ആറു വയസിൽ മൂന്ന് മാസം വരെ ഇളവ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറു വയസ് തികയാൻ മൂന്ന് മാസം ബാക്കിയുള്ള കുട്ടികൾക്കും ഇതുവഴി പ്രവേശനം നേടാൻ കഴിയുമെന്ന് വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി)യും വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ)യും അനുസരിച്ച് ഒന്നാം ക്ലാസിലേക്കുള്ള കുറഞ്ഞ പ്രായം ആറു വയസാണെന്ന് സിബിഎസ്‌ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജും അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദിയും അറിയിച്ചു.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലും പ്രവേശന രീതികളിലും ഉള്ള വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മൂന്ന് മാസത്തെ ഇളവ് സഹായകരമാകുമെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ കൗൺസിൽ ഓഫ് സിബിഎസ്‌ഇ സ്കൂള്സ് കേരള സംഘടിപ്പിച്ച സ്കൂൾ മാനേജ്മെന്റുകളും പ്രിൻസിപ്പൽമാരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം വ്യക്തമാക്കിയത്.
ഇതിനൊപ്പം, 10-ാം ക്ലാസിലും 12-ാം ക്ലാസിലും ബോർഡ് പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും, പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാന സർക്കാരുകളുടെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
2026–27 അധ്യയന വർഷത്തെ അക്കാദമിക് തയ്യാറെടുപ്പുകൾ സിബിഎസ്‌ഇയുടെ പുതുക്കിയ നയങ്ങൾ അനുസരിച്ച് ശക്തിപ്പെടുത്തുന്നതിനായാണ് യോഗം ചേർന്നത്. അസോസിയേഷൻ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.





