നാരകക്കാനം ജീപ്പ് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം
ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കല്‍ സാറാമ്മ (65), ചെമ്മഞ്ചിയില്‍ നിന്നുള്ള ആറുമാസം പ്രായമുള്ള നിക്കു എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ മറ്റു പലർക്കും പരിക്കേറ്റിട്ടുണ്ട്.
വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് നിയന്ത്രണംവിട്ട് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സമീപ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.
കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർ ജീപ്പിൽ ഉണ്ടായിരുന്നതായി വിവരം. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





