ഇന്ന് വൈകിട്ട് 7 മുതൽ സംസ്ഥാനത്ത് ഡ്രൈഡേ: രണ്ട് ദിവസം മദ്യം ലഭ്യമല്ല
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവിൽപ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകിട്ട് 7 മണി മുതൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സംസ്ഥാനം മുഴുവൻ ഡ്രൈഡേ ആയിരിക്കും. ഈ കാലയളവിൽ ഒരു തുള്ളി മദ്യം പോലും ലഭ്യമാകില്ല.
ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യവിൽപ്പന നിരോധിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് 4-നും സംസ്ഥാനത്ത് പൂർണ ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ, ബാറുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി മദ്യം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയന്ത്രണത്തിന് വിധേയമായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് എക്‌സൈസും പോലീസും ചേർന്ന് കര്‍ശന നടപടി സ്വീകരിക്കും.
തിരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പ്രത്യേക സ്‌ക്വാഡുകളും വിന്യസിച്ചിട്ടുണ്ട്.
വ്യക്തിപരമായി മദ്യം ശേഖരിച്ച് വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
റീപോളിംഗ് ആവശ്യമുണ്ടെങ്കിൽ അതത് മണ്ഡലങ്ങളിൽ ആ ദിവസവും മദ്യനിരോധനം ബാധകമായിരിക്കും. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ കര്‍ശന നിയന്ത്രണങ്ങൾ.





